ലഖ്നൗ: കൊറോണ വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ അഞ്ചു നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ലഖ്നൗ, പ്രയാഗ് രാജ്, വാരണാസി, കാൺപുർ, ഗൊരഖ്പുർ എന്നീ നഗരങ്ങളിൽ ഏപ്രിൽ 26 വരെ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇതിനെ എതിർത്തുകൊണ്ട് ഉത്തർപ്രേദേശ് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ.
അഞ്ച് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടേത് ശരിയായ നടപടിയല്ല. തങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഉത്തരവെന്നും യുപി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
കൊറോണ പ്രതിരോധന നടപടികൾ സംസ്ഥാന സർക്കാർ കർശനമായി തുടരുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളും എടുത്തിട്ടുണ്ട്. മൊത്തം അടച്ചുപൂട്ടുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. യുപി സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
മഹാമാരി സംസ്ഥാനത്തെ, പ്രത്യേകിച്ച് പ്രയാഗ് രാജ്, ലഖ്നൗ, വാരണാസി, കാൺപുർ, ഗൊരഖ്പുർ എന്നീ നഗരങ്ങളിലെ മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളെ ദുർബലമാക്കിയെന്നും അതിനാൽ ലോക്ഡൗൺ ഏർപ്പെടുത്തണ മെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ സർക്കാരിന് ജനങ്ങളുടെ ജീവനേയും ജീവിതത്തേയും സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രതികരണം.
ലോക്ഡൗണിന് പുറമേ മതപരമായ ചടങ്ങുകൾ നടത്തരുതെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നുപ്രവർത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗൺ കാലയളവിൽ വിവാഹമുൾപ്പടെയുളള ആൾക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികൾ നടത്തരുതെന്നും കോടതി പറഞ്ഞിരുന്നു. നിശ്ചയിക്കപ്പെട്ട വിവാഹങ്ങൾ നടത്തുന്നതിന് ഇളവുകളും കോടതി നൽകിയിരുന്നു. പ്രദേശത്തെ സാഹചര്യം വിലയിരുത്തി ജില്ല മജിസ്ട്രേറ്റിന്റെ അനുമതിയോടെ വിവാഹം നടത്താമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. വിവാഹത്തിൽ 25 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു.