ന്യൂഡെല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ ലഭ്യമാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ വിദഗ്ദ്ധരുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇന്ത്യയിലെ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്സീന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്‍കി. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു നേരിട്ടു വാക്സീന്‍ വാങ്ങാം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ ഇന്ത്യയില്‍ നിര്‍മ്മിച്ച കോവാക്സിന്‍ എന്നീ രണ്ട് കൊറോണ വാക്സിനുകള്‍ ഉപയോഗിച്ചാണ് രാജ്യത്ത് ഇതുവരെ വാക്സിനേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യം കണക്കിലെടുത്ത് വിദേശ നിര്‍മ്മിത വാക്സിനുള്‍ക്കും അനുമതി നല്‍കിയേക്കും.
പരമാവധി ഇന്ത്യക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ ലഭിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക റെക്കോര്‍ഡ് വേഗതയില്‍ ഇന്ത്യ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ടെന്നും ഇതിലും വലിയ വേഗതയോടെ രാജ്യം ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 16 ന് രാജ്യവ്യാപകമായുള്ള വാക്‌സിനേഷന്‍ യജ്ഞത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിരപോരാളികള്‍ക്കും ഇന്ത്യ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി. കൂടാതെ ഒന്നാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് ആണ് വാക്‌സിന്‍ ലഭ്യമായിരുന്നത്.
രണ്ടാം ഘട്ടത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് ആണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്രം നിലപാട് മാറ്റിയത്.