വാട്സാപ്പിൻ്റെ പേരിൽ ലക്കി ഡ്രോ ; ഓൺലൈൻ തട്ടിപ്പ് വലയിൽ വീണാൽ വിവരങ്ങൾ ചോരും

ന്യൂഡെൽഹി: സൈബർ തട്ടിപ്പിൻ്റെ പുതിയ ഇനമായി വാട്സാപ്പ് ലക്കി ഡ്രോ എന്ന തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്. ഓൺലൈൻ തട്ടിപ്പ് വലയിൽ വീണാൽ വിവരങ്ങൾ ചോരും.

തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്.

സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.

വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുത്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്.

ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.