ചെന്നൈ: ഹൃദയാഘാതത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടൻ വിവേക് (59) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന നടൻ 24 മണിക്കൂർ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു.
നടന്റെ ഹൃദയാഘാതവും കൊറോണ വാക്സീനുമായി ബന്ധമില്ലെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. വിവേക് വ്യാഴാഴ്ച കോവാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കൊറോണറി ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്തു. തുടർന്ന് ആരോഗ്യനില മോശമായിരുന്നതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം. കമല്‍ഹാസന്റെ ഇന്ത്യ 2ലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു