കൊറോണ ടെസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കൂട്ടത്തോടെ ഓടുന്നു; നിസ്സഹായരായി ആരോഗ്യപ്രവര്‍ത്തകര്‍: വൈറലായി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ

ബക്സർ: ട്രെയിൻ കയറാനായി എത്തിയ ആളുകൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ഓടുന്നു. ചിലർ ട്രോളി ബാഗും ലെഗേജും എടുത്ത് ഓടുമ്പോൾ മറ്റു ചിലർ കൈകുഞ്ഞുങ്ങളെയും എടുത്താണ് ഓടുന്നത്.

ബീഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കാണുമ്പോൾ നമ്മൾ വിചാരിക്കും റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയൊ മറ്റൊ ഉണ്ടായിരുന്നോ എന്ന്. പക്ഷേ അതൊന്നുമല്ല കാര്യം.

ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ഈ കൂട്ടയോട്ടത്തിന് കാരണം കൊറോണ ടെസ്റ്റാണ്. റെയിൽവേ സ്റ്റേഷനിൽ നടന്ന കൊറോണ ടെസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും കൂട്ടമായി പുറത്തേക്ക് ഓടിയത്. ഇപ്പൊൾ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് റെയിൽവേ സ്റ്റേഷനിൽ കൊറോണ പരിശോധന ആരംഭിച്ചത്. കൊറോണ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം.

കൊറോണ പരിശോധയ്ക്കായി റെയിൽവേ സ്റ്റേഷനിൽ ആരോഗ്യപ്രവർത്തകർ പ്രത്യേക കൗണ്ടറുകൾ തയ്യാറാക്കിയിരുന്നു. പരിശോധനയ്ക്കായി യാത്രക്കാരെ സമീപിച്ചപ്പോൾ ഇവർ പരിഭ്രാന്തരായി ഓടുകയായിരുന്നു. ചിലർ ആരോഗ്യ പ്രവർത്തകരോട് ക്ഷുഭിതരാകുകയും ചെയ്തു.

സംഭവ സമയത്ത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് യാത്രക്കാരെ നിയന്ത്രിക്കാനായില്ല.