അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ചെയ്ത 15,000 ചെക്കുകൾ മടങ്ങി. 22 കോടി രൂപ മൂല്യം വരുന്നവയാണ് മടങ്ങിയ ചെക്കുകൾ. രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാമക്ഷേത്ര നിർമ്മാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നും റിപ്പോർട്ടിൽ പറയുന്നത്.
ചെക്കു നൽകിയ വ്യക്തികളുടെ അക്കൗണ്ടിൽ പണമില്ലാത്തതും ചില സാങ്കേതിക പ്രശ്‌നങ്ങളുമാണ് ചെക്കു മടങ്ങാൻ കാരണമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് മാറ്റാൻ പറ്റുന്ന ചെക്കുകൾ ആ തരത്തിൽ തന്നെ പണമാക്കുവാൻ ബാങ്കുകളുമായി ട്രസ്റ്റ് അംഗങ്ങൾ ചർച്ച നടത്തിവരികയാണ്.
ബാക്കിയുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നൽകാൻ ആവശ്യപ്പെടും. മടങ്ങിയ ചെക്കുകളിൽ 2,000ത്തോളം ചെക്കുകൾ അയോധ്യയിൽ നിന്നുതന്നെ സ്വീകരിച്ചതാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു.
വിഎച്ച്‌പി കഴിഞ്ഞ ജനുവരി 15 മുതൽ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.