പരോളിലിറങ്ങി മുങ്ങിയത് 3000 ലേറെ കുറ്റവാളികൾ ; ഡെൽഹി പൊലീസിൻ്റെ സഹായം തേടി തിഹാർ ജയിൽ അധികൃതർ

ന്യൂഡെൽഹി: പരോളിലിറങ്ങി രക്ഷപെട്ട 112 കുറ്റവാളികളെ കണ്ടെത്താനായി ഡെൽഹി പൊലീസിൻ്റെ സഹായം തേടി തിഹാർ ജയിൽ അധികൃതർ. 2020 ൽ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 1,184 കുറ്റവാളികളെയെങ്കിലും എമർജൻസി പരോളിൽ അയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

പരോളിലിറങ്ങി 112 കുറ്റവാളികൾ മുങ്ങിനടക്കുന്നുണ്ട്. ഇവരുടെ പേരും വിവരങ്ങളും തിഹാർ ജയിൽ അധികൃതർ ഡെൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്. വിചാരണ കഴിഞ്ഞിട്ടില്ലാത്ത 5556 തടവുകാർക്കും എമർജൻസി പരോൾ നൽകിയിരുന്നു. ഇതിൽ 2200 പേരാണ് തിരികെയെത്തിയത്.

3300 പേർ ഇനിയും തിരികെയെത്തിയിട്ടില്ല. ഇവരുടെ പട്ടികയും ഡെൽഹി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരിൽ ചിലർ കോടതിയിൽ നിന്ന് ജാമ്യം നേടിയിട്ടുള്ളവരാണെന്നാണ് ജയിൽ അധികൃതർ അറിയിക്കുന്നത്. 10000ൽ അധികം കുറ്റവാളികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഡെൽഹി തിഹാർ ജയിൽ.

തിഹാർ, മണ്ടോലി, രോഹിണി ജയിലുകളിലുള്ള കുറ്റവാളികളായിരുന്നു ഇതിൽ ഭൂരിഭാഗവും. ഇവരിൽ 1072 കുറ്റവാളികൾ ഇതിനോടകം ശിക്ഷ പൂർത്തിയാക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് തിഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു.