ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഇന്നലെ ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത്.
താൻ സ്വയം നിരീക്ഷണത്തിലാണ് എന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വീട്ടിൽ ഐസൊലേഷനിലാണെന്നും അഖിലേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തർപ്രദേശിൽ കൊറോണ വ്യാപനം രൂക്ഷമാണ്. ഇന്നലെ 18000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉത്തർപ്രദേശിൽ ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.