കൊറോണ വ്യാപനം രൂക്ഷമായിട്ടും കുംഭമേളയ്ക്ക് ലക്ഷങ്ങൾ; മേള നേരത്തെ അവസാനിപ്പിക്കില്ല, തുടരുമെന്ന് അധികൃതര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഹരിദ്വാറിലെ ഗംഗാ തീരത്ത് നടക്കുന്ന കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍. കൊറോണ കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നതിനാല്‍ കുംഭമേള രണ്ടാഴ്ച്ച മുന്‍പ് അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. രാജ്യ വ്യാപകമായി കൊറോണ പടരുന്നതിനിടെ ഈ വര്‍ഷം മതസംഗമം അവസാനിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിമെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഏപ്രില്‍ മുപ്പത് വരെ കുംഭമേള തുടരും. ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന കുംഭമേള കൊറോണ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ ഏപ്രിലിലേയ്ക്ക് മാറ്റിയത്. നിലവിലെ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭമേള ഉദ്യോഗസ്ഥനുമായ ദീപക് റാവത്ത് പറഞ്ഞു.

മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കുംഭമേള തടസ്സമില്ലാതെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ലക്ഷ കണക്കിന് പേരാണ്ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയില്‍ ഒരുമിച്ച് ചേരുന്നത്. ഇന്ന് വൈകീട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം പേര്‍ ഗംഗാതീരത്തെത്തി ഷാഹി സ്നാനം നടത്തി. 17.31 ലക്ഷത്തോളം പേരാണ് സ്നാനത്തിനായി ഗംഗാതീരത്തെത്തിയിട്ടുള്ളത്.