ഉപയോഗിച്ച മാസ്കുകൾ നിറച്ച് കിടക്കനിർമാണം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മുംബൈ: പഞ്ഞിയോ മറ്റ് സാമഗ്രികളോ വയ്ക്കുന്നതിനു പകരം ഉപയോഗിച്ച മാസ്കുകൾ നിറച്ച് അനാരോഗ്യകരമായ കിടക്കകൾ നിർമിക്കുന്നതായി റിപ്പോർട്ട്. ഉപയോഗിച്ച മാസ്കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തുനിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഒരു ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ കിടക്ക നിർമാണ കേന്ദ്രത്തിൽ ഇത്തരമൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്‍‌മെന്റ് കോർപ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എംഐഡിസിയിലെ കുസുംബ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ഉദ്യോഗസ്ഥർ തിരച്ചിലിനെത്തുന്നത്.

ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്. റാക്കറ്റിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്കുകൾ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊലീസ് കത്തിച്ചു.