ഹൂഗ്ളി: നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ പരക്കെ ആക്രമണം. കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഒരു പോളിംങ് ഏജൻറിനെ ബൂത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. മറ്റ് ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും തൃണമൂൽ ആണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്ന് ആരോപണം.
നോർത്ത് ഹൗറയിൽ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. പൊലീസ്. സംഘർഷബാധിത പ്രദേശങ്ങളിൽ സുരക്ഷയ്ക്ക് 789 കമ്ബനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.