വാട്ട്സ്ആപ്പ് പ്രണയം; പാക് യുവാവിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ച വിവാഹിതയായ ഇന്ത്യൻ യുവതി അതിർത്തിയിൽ പിടിയിൽ

ദർതാപൂർ: വാട്ട്സ്ആപ്പ് വഴി പ്രണയത്തിലായ പാക് യുവാവിനെ കാണുവാൻ അതിർത്തി കടക്കാൻ ശ്രമിച്ച വിവാഹിതയായ ഇന്ത്യൻ യുവതി അതിർത്തിയിൽ പിടിയിൽ. സംശയാസ്പദമായ രീതിയിൽ ഇന്ത്യ പാക് അതിർത്തിയിൽ കാണപ്പെട്ട പെൺകുട്ടിയെ ബിഎസ്എഫ് കാണുകയും തുടർന്ന് ഒരു വനിതാ കോൺസ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പോലീസിന് കൈമാറുകയുമായിരുന്നു.

ഒഡീഷാ സ്വദേശിയും അഞ്ചു വയസ്സുള്ള മകളുടെ അമ്മയുമായ 25 കാരിയെയാണ് ബിഎസ്എഫ് പിടികൂടി അതിർത്തി പോലീസിന് കൈമാറിയത്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദർതാപൂർ ഇടനാഴിയിലെത്തിയപ്പോൾ ആയിരുന്നു ഇവർ പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി ഈ പെൺകുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

പെൺകുട്ടി ഒഡീഷക്കാരിയാണെന്ന് ഡിഎസ്പി കൻവാൽപ്രീത് സിങ്ങും എസ്എച്ച്ഒ അനിൽ പവറും പറഞ്ഞു. ആറുവർഷം മുമ്പ് വിവാഹിതയായ ഇവർ രണ്ടു വർഷം മുമ്പ് തന്റെ മൊബൈലിൽ ആസാദ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്തു. പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് മാൻ എന്ന യുവാവുമായി ഈ സ്ത്രീ ചങ്ങാത്തം ഉണ്ടാക്കിയത്.

ക്ഷണം സ്വീകരിച്ച പെൺകുട്ടി ഒഡീഷയിൽ നിന്ന് വിമാനത്തിൽ ഡെൽഹിയിൽ എത്തി തുടർന്ന് ബസിൽ അമൃത്സറിലുമെത്തി. ഏപ്രിൽ 5 ന് ഗുരുദ്വാര ശ്രീ ഹരിമന്ദർ സാഹബ് അമൃത്സറിൽ താമസിക്കുകയും പിറ്റേന്ന് ബസിലും ഓട്ടോയിലുമായി ദേരാ ബാബ നാനാക്കിൽ എത്തുകയുമായിരുന്നു. എന്നാൽ കൊറോണ കാരണം കർതാർപൂർ ഇടനാഴി അടച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ച് ബിഎസ്എഫിന്റെ ശ്രദ്ധയിൽ പെട്ട പെൺകുട്ടിയെ പാസ്‌പോർട്ട് ഇല്ലാതെ പാകിസ്ഥാനിലേക്ക് പോകാൻ കഴിയില്ലെന്നു പറഞ്ഞ് അവർ തിരിച്ചയച്ചു.

പിന്നീട് ബിഎസ്എഫ് തന്നെ പെൺകുട്ടിയെ ദേര ബാബ നാനക് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഇടയിൽ പെൺകുട്ടി വീട്ടിൽ നിന്ന് അറുപത് ഗ്രാം സ്വർണാഭരണങ്ങൾ കൊണ്ടുപോയതായി കണ്ടെത്തി. ഭാര്യയെ കാണ്മാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയിരുന്നു. ഒഡീഷയിലെ പോലീസുമായി ബന്ധപ്പെട്ട പഞ്ചാബ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.