റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കൽ ക്രമക്കേട്; അംബാനി കുടുംബത്തിന് 25 കോടി സെബി പിഴ വിധിച്ചു

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുണ്ടായെന്ന കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ വിധിച്ചു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനില്‍ അംബാനി, ഭാര്യ ടിന അംബാനി, കെ ഡി അംബാനി തുടങ്ങിയവരാണു പിഴ അടയ്‌ക്കേണ്ടത്.

റിലയന്‍സ് പ്രമോട്ടര്‍മാരായ ഇവര്‍ 2000ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഇപ്പോള്‍ നടപടി. 5% ഓഹരികള്‍ മാത്രമേ നിയമപ്രകാരം പ്രമോട്ടര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുകയുള്ളു എന്നിരിക്കെ അംബാനി കുടുംബാംഗങ്ങള്‍ 6.83% ഓഹരികള്‍ ഏറ്റെടുത്തു.

ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരുന്നത് നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെ 34 കക്ഷികള്‍ ചേര്‍ന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.