ബിജാപുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ കോബ്ര കമാൻഡോ രാകേശ്വർ സിംഗ് മൻഹസിനെ വിട്ടയച്ചു.ജവാനെ മോചിപ്പിച്ച കാര്യം സിആർപിഎഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്. 22 ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.
ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്. സിആർപിഎഫിൻ്റെ 210മത് കോബ്ര ബറ്റാലിയനിലെ അംഗമാണ് രാകേശ്വർ. ഈ മാസം രണ്ടിന് ബിജാപുർ, സുക്മ അതിർത്തിയിലെ വനത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കു പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്നു രാകേശ്വർ.
ശനിയാഴ്ച രാത്രി തെകൽഗുഡ, ജൊനാഗുഡ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. മാവോയിസ്റ്റുകളുമായി മദ്ധ്യസ്ഥ ചർച്ചയ്ക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സർക്കാർ നിയോഗിച്ചിരുന്നു.
ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിദ്ധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാദ്ധ്യമപ്രവർത്തകരും മദ്ധ്യസ്ഥരോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.