കൊൽക്കത്ത: ബംഗാളിലെ ബൻകുര പൊലീസ് സ്റ്റേഷൻ ഇൻ ചാർജായ അശോക് മിശ്ര, രാഷ്ട്രീയ നേതാക്കൻമാർക്കായി കൽക്കരി മാഫിയയിൽ നിന്ന് കോടിക്കണക്കിന് പണം സ്വീകരിച്ചതായി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്. തൃണമൂൽ നേതാവ് വിനയ് മിശ്രയടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി 2020 മെയ് മുതൽ സെപ്തംബർ വരെ 3,00,350 പെട്ടികളിലായി 168 കോടിയോളം രൂപ അശോക് മിശ്ര സ്വീകരിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിനാണ് മിശ്രയെ അറസ്റ്റ് ചെയ്തത്. മിശ്രയുടെ കസ്റ്റഡി കോടതി ഏപ്രിൽ 12 വരെ നീട്ടിയിരുന്നു. കുംഭകോണത്തിൻ്റെ പ്രധാന സൂത്രധാരനായി കണക്കാക്കപ്പെടുന്ന അനൂപ് മാജിയുമായി മിശ്രക്ക് ബന്ധമുണ്ടെന്നാണ് അരോപണം. കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ അറസ്റ്റാണിത്.
കൽക്കരി മാഫിയയിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൽ നിന്നും അതുവരെ ഒഴിഞ്ഞുമാറിയ അശോക് മിശ്രക്ക് 168 കോടി രൂപ ലഭിച്ചതായുള്ള വൗച്ചറുകൾ കാണിക്കുകയായിരുന്നുവെന്നും ഇ.ഡി വെളിപ്പെടുത്തി. വിനയ് മിശ്രയുടെ നിർദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചതെനും വിനയ് മിശ്ര ഉൾപ്പെടെയുള്ള രാഷ്ട്രീയ മേധാവികൾക്കായി അനുപ് മാജിയിൽ നിന്ന് 168 കോടി രൂപ അശോക് മിശ്രക്ക് ലഭിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.