രാജ്യത്ത് കൊറോണ വാക്‌സിൻ ക്ഷാമം ഇല്ല; ആശങ്കവേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മുംബൈ: രാജ്യത്ത് കൊറോണ വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സിൻ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിൻ ക്ഷാമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല.

എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും’, ഹർഷ വർധൻ പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിൻ അപര്യാപ്തമാണെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ സ്‌റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോർ പെഡ്‌നേക്കർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്താകെ 14 ലക്ഷം കൊറോണ വാക്‌സിൻ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇത് മൂന്നു ദിവസത്തേക്കു മാത്രമാണ് തികയുക എന്നും മഹാരാഷ്ട്ര സർക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ വാക്‌സിൻ ക്ഷാമമുണ്ടെന്നു വ്യക്തമാക്കിയതിനുപിന്നാലെ ആന്ധ്രാപ്രദേശും ആശങ്കയറിയിച്ച്‌ രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും പര്യാപ്തമായ വാക്സിൻ രാജ്യത്തുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.