റായ്പൂർ: ഛത്തീസ്ഗഢിൽ മാവോവാദി വേട്ടക്കിടെ ബന്ദിയാക്കപ്പെട്ട സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിങ് മൻഹാസിൻ്റെ മോചനത്തിന് ഉപാധികൾ മുന്നോട്ടുവെച്ച് മാവോവാദികൾ. കോബ്ര കമാൻഡറായിരുന്ന മൻഹാസിനെ മാവോവാദികൾ ഒളിയാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്.
തങ്ങളുടെ വശം സുരക്ഷിതമായുണ്ടെന്ന് അവകാശപ്പെട്ട മാവോവാദികൾ ചില നിബന്ധനകൾ പാലിച്ചാൽ വിട്ടയക്കാമെന്നും അവകാശപ്പെട്ടു. ഏപ്രിൽ മൂന്നിന് ഏറ്റുമുട്ടലിനിടെ പിടികൂടിയതാണെന്ന് സി.പി.ഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റി വക്താവ് വികൽപ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ചർച്ച നടത്തണമെന്നു മാത്രമല്ല, ആരൊക്കെ പങ്കെടുക്കുമെന്ന് അറിയിക്കണമെന്നും മാവോവാദികൾ നിർദേശിക്കുന്നുണ്ട്.
ആക്രമണത്തിൽ 22 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടു. മൻഹാസിൻറെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ മീനു പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
മൻഹാസിൻ്റെ മോചനം ആവശ്യപ്പെട്ട് ബസ്തറിലെ ആദിവാസികളും രംഗത്തുവന്നിരുന്നു. ആദിവാസി സംഘടനയായ ജയിൽ ബണ്ടി രിഹായി സമിതി നേതാക്കളായി സോണി സോറി, സുർജിത് ശർമ എന്നിവരാണ് ആവശ്യമുന്നയിച്ചത്.