ചെന്നൈ: സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ സിനിമാ താരം ജോസഫ് വിജയിയാണ് തെരഞ്ഞെടുപ്പ് ദിവസം നവ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ഇന്ന് രാവിലെയാണ് സൈക്കിൾ ചവിട്ടി നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവിൽ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
തമിഴ്‌നാടിനെ കൂടാതെ കേരളത്തിലും വിജയിയുടെ പ്രതിഷേധം സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാവിലെ മുതൽ സോഷ്യൽ മീഡിയകളിൽ വിജയിയുടെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും ബിജെപിക്കെതിരായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.
എൻഫോസ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അടുത്ത ലക്ഷ്യം വിജയിയാണെന്ന തരത്തിലുള്ള ട്രോളുകളും സജീവമാണ്. തമിഴ്‌നാട്ടിലെ പ്രമുഖ പാർട്ടികളോട് അനുഭാവിത്വം രേഖപ്പെടുത്താതിരുന്ന വിജയ് തെരഞ്ഞെടുപ്പ് ദിവസം ബിജെപിക്കെതിരെ സൈക്കിളിലെത്തി പ്രതിഷേധിച്ചതോടെ സോഷ്യൽ മീഡിയയിൽ കേന്ദ്ര സർക്കാർ വിരുദ്ധ വികാരം കത്തിപ്പടർന്നു.
താമരചചിഹ്നത്തിന് മുകളിലൂടെ സൈക്കിൾ ചവിട്ടുന്ന വിജയിയുടെ ചിത്രത്തിൽ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എയറിൽ നിർത്തുന്ന തരത്തിലുള്ള കാർട്ടൂണുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വോട്ടെടുപ്പ് ദിവസം പ്രതിഷേധിച്ച വിജയിയുടെ ആരാധകരും ബിജെപിക്കെതിരായ പ്രചരണത്തിൽ സജീവമായാൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകും. കേരളത്തിലും വിജയിയുടെ പ്രതിഷേധം ചെറിയ സ്വാധീനമുണ്ടാക്കിയേക്കും.