മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ മുംബൈ മുൻ പൊലീസ് മേധാവിയുടെ ആരോപണം; സിബിഐ അന്വേഷിക്കാൻ ബോംബെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി. 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമായ ദീപാങ്കർ ദത്ത, ജിഎസ് കുൽക്കർണി എന്നിവരാണ് ഹർജികൾ പരിഗണിച്ചത്. അനിൽ ദേശ്മുഖ് ആഭ്യന്തര മന്ത്രിയായതിനാൽ പൊലീസ് അന്വേഷണം ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തിലും സ്ഥലംമാറ്റത്തിലും മന്ത്രി കൈക്കൂലി വാങ്ങിയെന്നും ഹർജിക്കാർ ആരോപിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടർ അന്വേഷണം ആവശ്യമാണെങ്കിൽ സിബിഐക്ക് മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചു.

മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസിൽ അറസ്റ്റിലായ പൊലീസ് ഓഫിസർ സച്ചിൻ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീർ സിങ് ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നൽകിയ കത്തിലാണ് ആരോപണം. എന്നാൽ, ആരോപണം അനിൽ ദേശ്മുഖ് തള്ളിയിരുന്നു.

അംബാനി കേസിൽ പരംബീർ സിങ്ങിനെ മുംബൈ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷമായിരുന്നു വെളിപ്പെടുത്തൽ. ആരോപണം അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.