ഉത്തരാഖണ്ഡിൽ 62 ഹെക്ടർ വനഭൂമിയിൽ കാട്ടുതീ; നാലുപേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. തീയിൽപ്പെട്ട് ഇതുവരെ നാലു പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടർ വനഭൂമിയിലാണ് തീ പടർന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

12000 ഗാർഡുകളും ഫയർ വാച്ചർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പറഞ്ഞു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് ഉന്നതതല യോഗം വിളിച്ചുചേർത്തു.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു.

ഹെലികോപ്ടറിന്റെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉത്തരാഖണ്ഡിലേക്ക് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.