ട്രെയിനില്‍ രാത്രി സമയത്ത് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യരുതെന്ന് റെയില്‍വേയുടെ പുതിയ മാർഗനിർദേശം

ന്യൂഡെല്‍ഹി: രാത്രി സമയത്ത് ട്രെയിനില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യരുതെന്ന് ഇന്ത്യൻ റെയില്‍വേയുടെ പുതിയ മാർഗനിർദേശം. രാത്രി 11 നും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയം പ്ലഗുകളില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തീപിടുത്ത സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ നീക്കം.

മാര്‍ച്ച്‌ 16 മുതല്‍ വെസ്റ്റേണ്‍ റെയില്‍വേ തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്ന് വെസ്റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ സുമിത് താക്കൂര്‍ ദേശീയ മാദ്ധ്യമങ്ങളെ അറിയിച്ചു.
സമീപകാലത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടമുണ്ടാകുന്നത് തടയുകയാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.

ട്രെയിനില്‍ രാത്രിസമയത്ത് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് 2014 ല്‍ റെയില്‍വേ സുരക്ഷാ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ബംഗളൂരു-ഹൊസൂര്‍ സാഹെബി നന്ദെഡ് എക്‌സിപ്രസില്‍ അപകടം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു സുരക്ഷാ ബോര്‍ഡിന്റെ നിര്‍ദ്ദേശം.