മോദിയുടെ ബംഗ്ലാദേശ് സന്ദർശനം ചട്ടലംഘനം; വിസ റദ്ദ് ചെയ്യണമെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ്. ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വിസ റദ്ദ് ചെയ്യേണ്ടിയിരിക്കുന്നുവെന്നും മമത വ്യക്തമാക്കി.

ഹിന്ദു ആത്മീയ ഗുരുവായ ഗുരു ഹരിചന്ദിന്റെ ജന്മസ്ഥലമായ ബംഗ്ലാദേശിലെ ഒറകണ്ടിയിലെ മോദിയുടെ സന്ദർശനവും മമത പ്രസംഗത്തിൽ പ്രതിപാദിച്ചു. മാറ്റുവ സമുദായത്തിൽ നിന്നുള്ള നൂറോളം ആളുകൾ പാർക്കുന്ന ഇടമാണ് ഒറകണ്ടി. അവരിൽ വലിയൊരു വിഭാഗം ഇപ്പോൾ പശ്ചിമ ബംഗാളിൽ താമസിക്കുന്നവരാണെന്നും ഇത് തെരഞ്ഞെടുപ്പിലെ പ്രധാന ഘടകവുമാണെന്നും മമത ചൂണ്ടിക്കാട്ടി.

2019ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ ഒരു ബംഗ്ലാദേശ് ചലച്ചിത്ര താരം പങ്കെടുത്തതിന്റെ പേരിൽ കോലാഹലം സൃഷ്ടിച്ചവരാണ് രാജ്യത്തെ ബിജെപി സർക്കാർ. അവർ ബംഗ്ലാദേശ് സർക്കാരിനെക്കൊണ്ട് അദ്ദേഹത്തിൻ്റെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്ന് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കവെ ബംഗ്ലാദേശിലേക്ക് പോയി ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മോദിയുടെ വിസ റദ്ദാക്കുന്നില്ലെയെന്നും മമത ചോദിച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രി ഒറകണ്ടി സന്ദർശിക്കുന്നതിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുമോ എന്നായിരുന്നു അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത്. ഇന്ത്യയിൽ നിന്ന് ഒറകണ്ടിയിലേക്കുള്ള സൗകര്യങ്ങൾ സുഗമമാക്കുമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവിടെ പ്രൈമറി സ്‌കൂൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ധാക്കയിൽ നടന്ന ബംഗ്ലാദേശ് ദേശീയ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.