മുംബൈയിൽ കൊറോണ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ടുപേരുടെ നില ഗുരുതരം

മുംബൈ: കൊറോണ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊറോണ ആശുപത്രി പ്രവർത്തിക്കുന്നത്. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

76 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. രോഗികളിൽ ആറ് പേർ വെന്റിലേറ്ററിലായിരുന്നു. എഴുപത് പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.തീപിടുത്തത്തെ തുടർന്ന് രോഗികളെയെല്ലാം സുരക്ഷതിമായി മാറ്റിയതായി അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് പ്രശാന്ത് കദം അറിയിച്ചു. കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കൊറോണ ആശുപത്രി പ്രവർത്തിക്കുന്ന നിലയിലേക്കും പടരുകയായിരുന്നു. 23 ഓളം അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ കിഷോരി പ‍ഡ്നേക്കർ അറിയിച്ചു. മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് താൻ ആദ്യമായി കാണുകയാണെന്നായിരുന്നു മേയറുടെ പ്രതികരണം
ഇത് ഏറെ ഗുരുതരമായ അവസ്ഥയാണെന്നും മേയർ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും മേയർ അറിയിച്ചു