ശ്രീനഗർ: സിആർപിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയിൽവച്ചാണ് വെടിവെപ്പുണ്ടായത്. ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ.ജി വിജയ് കുമാർ പറഞ്ഞു.
വാഹന വ്യൂഹത്തിനുനേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തി. നാല് സിആർപിഎഫ് ജവാന്മാർക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മൂന്ന് ജവാന്മാർ ചികിത്സയിൽ കഴിയുകയാണ്.
ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസൈന്യം പ്രദേശം വളഞ്ഞ് പരിശോധന തുടങ്ങി. മാർച്ച് 22 ന് അഞ്ച് ഭീകരവാദികളെ ജമ്മു കശ്മീരിലെ ഷോപിയാനിൽവച്ച് സുരക്ഷാസേന വധിച്ചിരുന്നു. ശക്തമായ ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. ഷോപിയാൻ പോലീസും സൈന്യവും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്മീർ ഡിജിപി ദിൽബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.