മാസ്​ക്​ ധരിക്കാൻ വിസമ്മതിച്ചു; നാല്​ യാത്രക്കാർക്ക്​ വിമാന വിലക്കുമായി അലൈൻസ്​ എയർ

ന്യൂഡെൽഹി: മാസ്​ക്​ ശരിയായി ധരിക്കാത്തതിനെ തുടർന്ന്​ നാല്​ പേ​ർക്ക്​ വിമാന വിലക്കുമായി അലൈൻസ്​ എയർ. മാർച്ച്‌​ 16ലെ ജമ്മു-ഡെൽഹി യാത്രക്കിടെയാണ്​ യാത്രക്കാർ മാസ്​ക്​ ധരിക്കാൻ വിസമ്മതിച്ചത്​. പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇവർ മാസ്​ക്​ ധരിക്കാൻ തയാറായില്ല. തുടർന്നാണ്​ അലൈൻസ്​ എയർ ഇവർക്കെതിരെ നടപടിയെടുത്തത്​.

ഡെൽഹിയിൽ വിമാനം ലാൻഡ്​ ചെയ്​തയുടൻ എയർ ഇന്ത്യ ജീവനക്കാർ നാല്​ യാത്രക്കാരേയും സുരക്ഷാ ജീവനക്കാർക്ക്​ കൈമാറി. വിമാനയാത്രക്കിടെ കൊറോണ​ മാനദണ്ഡം പാലിക്കാത്ത യാത്രക്കാർക്കെതിരെ കർശന നടപടി വേണമെന്ന വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു.

നിരന്തരമായി ആവശ്യപ്പെട്ടിട്ടും മാസ്​ക്​ ധരിക്കാൻ തയാറാകാത്തവർക്ക്​ വിമാനവിലക്ക്​ ഏർപ്പെടുത്തണമെന്ന്​ വ്യോമയാനമന്ത്രാലയം വ്യക്​തമാക്കിയിരുന്നു. മൂന്ന്​ മാസത്തേക്ക്​ വിലക്ക്​ ഏർപ്പെടുത്തണമെന്നാണ്​ നിർദേശം. ഡെൽഹി ഹൈകോടതിയുടെ ഉത്തരവ്​ പ്രകാരമായിരുന്നു നിർദേശം.