റെയിൽവെ സ്വകാര്യവൽക്കരണ വാർത്ത തള്ളി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ

ന്യൂഡെൽഹി: ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നുവെന്ന വാർത്ത തള്ളി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യൻ റെയിൽവേ എക്കാലവും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും, ഇന്ത്യൻ റെയിൽവേയെ വികസനത്തിന്റെ എഞ്ചിനായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ഒരിക്കലും സ്വകാര്യവൽക്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘റെയിൽവേ സ്വകാര്യവൽക്കരിക്കുന്നുവെന്ന് കേന്ദ്രത്തിനെതിരെ ആരോപണമുണ്ട്. എന്നാൽ റെയിൽവേ സേവനങ്ങൾ മെച്ചപ്പെടുമെന്നതിനാൽ റെയിൽവേയിലേക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യേണ്ടതുണ്ട്. സ്വകാര്യവാഹനങ്ങളും സർക്കാർ വാഹനങ്ങളും സമ്പദ്ഘടനയെ സഹായിക്കുന്നുണ്ട്. പൊതുനിരത്തിൽ സർക്കാർ വാഹനങ്ങൾ മാത്രമേ സഞ്ചരിക്കാവൂ എന്ന് പറയാൻ സാധിക്കില്ല.’

ഇന്ത്യൻ റെയിൽസവെ സ്വകാര്യവൽക്കരിക്കില്ല എന്നു പറയുമ്പോഴും കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കേന്ദ്രമന്ത്രിയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിൽ റെയിൽവേ അടിസ്ഥാനസൗകര്യം വികസിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും വികസനം കൈമാറപ്പെട്ടെന്നും റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടു.\