ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് പികെ സിൻഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഒന്നര വർഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.
ഉത്തർപ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2019 സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ ഇദ്ദേഹം നിയമിതനായത്. ക്യാബിനറ്റ് സെക്രട്ടറിയായി വിരമിച്ചശേഷം 2019ലെ പൊതുതിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു നിയമനം. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് രാജിവെച്ചിരുന്നു.
ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എന്ന തസ്തികയിൽ ചെറിയ കാലയളവ് പൂർത്തിയാക്കി 2019 ലാണ് പ്രിൻസിപൽ ഉപദേഷ്ടാവായി ചുമതലയേൽക്കുന്നത്. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കാബിനറ്റ് സെക്രട്ടറി പദവിയിൽ മൂന്നുതവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ്.