മുകേഷ്​ അംബാനിയുടെ വീടിനു സമീപം സ്​ഫോടക വസ്​തു; മുംബൈ പൊലീസ്​ ഓഫീസർ അറസ്റ്റിൽ

മുംബൈ: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ്​ അംബാനിയുടെ വീടിനു സമീപം സ്​ഫോടക വസ്​തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ്​ ഓഫീസർ സച്ചിൻ വാസെ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ 11ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത സച്ചിൻ വാസെയെ നീണ്ട 12 മണി​ക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ്​ അർധരാത്രിയോടെ അറസ്റ്റ്​ രേഖപ്പെടുത്തിയത്​. സ്​ഫോടക വസ്​തുക്കൾ നിറച്ച സ്​കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്​ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക്​ ​ആരോപിച്ചാണ്​ അറസ്റ്റ്​.

എൻ.ഐ.എ ഇൻസ്​പെക്​ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ്​ അറസ്റ്റ്​ ചെയ്​തത്​. അംബാനിയുടെ വീടിനുസമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത്​ സച്ചിൻ വാസെയാണ്​. പിന്നീടാണ്​ കേസ്​ തീവ്രവാദ വിരുദ്ധ സ്​ക്വാഡിനും ശേഷം എൻഐഎ​ക്കും കൈമാറുന്നത്​. മുൻകൂർ ജാമ്യം ലഭിക്കാൻ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല.

അംബാനിയുടെ വസതിയായ ആൻീലിയക്കു സമീപം കാർമിഷേൽ റോഡിൽ ഫെബ്രുവരി 25ന്​ സ്​ഫോടക വസ്​തു നിറച്ച കാർ നിർത്തിയിട്ട സംഘത്തിൽ സച്ചിൻ വാസെയും കണ്ണിയാണെന്ന്​ എൻഐഎ ഉദ്യോഗസ്​ഥൻ പറഞ്ഞു. തന്‍റെ പങ്ക്​ കുറ്റസമ്മതം നടത്തിയതായും എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാനായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അംബാനി കുടുംബത്തെയാണോ യഥാർഥത്തിൽ ലക്ഷ്യമിട്ടതെന്ന് വ്യക്​തമല്ല. കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമായിരുന്നു ഉണ്ടായിരുന്നത്​. മറ്റു സ്​ഫോടക വസ്​തുക്കളോ ടൈമറോ കണ്ടെത്തിയിരുന്നില്ല.

സ്​കോർപിയോ കാറിന്‍റെ ഉടമ മൻസൂഖ്​ ഹിരൻ എന്ന 48 കാരൻ മാർച്ച്​ ആദ്യ വാരം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒരാഴ്​ച മുമ്പ്​ തന്‍റെ ​വാഹനം മോഷണം പോയതായി മൻസൂഖ്​ പൊലീസിന്​ നേരത്തെ മൊഴി നൽകിയിരുന്നു. കൊലപാതകത്തിനു പിന്നിൽ സച്ചിൻ വാസെയാണെന്ന്​ മൻസൂഖിന്‍റെ ഭാര്യ വിമല ആരോപിച്ചതോടെയാണ്​ കാര്യങ്ങൾ മറിഞ്ഞത്​. കാർ മാസങ്ങൾക്ക്​ മുമ്പ്​ സച്ചിൻ വാസെക്ക്​ നൽകിയതാണെന്നും പിന്നീട്​ ദുരൂഹ സാഹചര്യത്തിൽ അംബാനിയുടെ വസതിക്കു മുന്നിൽ കണ്ടെത്തുകയായിരുന്നുവെന്നുമായിരുന്നു​ മൊഴി.

സച്ചിൻ വാസെയുടെ അറസ്റ്റ്​ മഹാരാഷ്​ട്ര ഭരിക്കുന്ന ശിവസേന സഖ്യത്തിന്​ തലവേദന സൃഷ്​ടിക്കുമെന്ന്​ സൂചനയുണ്ട്​. മുമ്പ്​ സമാന സംഭവങ്ങൾക്ക്​ നടപടി നേരിട്ട്​ സേവനമവസാനിപ്പിച്ചിരുന്ന വാസെ ശിവസേനയിൽ ചേർന്ന​തും ജോലിയിൽ തിരികെ കയറിയതും വാർത്തയായിരുന്നു. മുംബൈ ​പൊലീസ്​ ക്രൈംബ്രാഞ്ച്​ ക്രൈം ഇന്‍റലിജൻസ്​ വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിമല ഹിരന്‍റെ പ്രതികരണം ഏ​റ്റുപിടിച്ച ബി.ജെ.പി സച്ചിൻ വാസെ​യുടെ അറസ്റ്റ്​ ആവശ്യപ്പെട്ട്​ രംഗത്തെത്തിയിരുന്നു.