ബെംഗളൂരു: ഭിന്ന ശേഷിക്കാരിയായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വൻ വഴിത്തിരിവ്. കർണാടകത്തിലെ രാമ നഗര ജില്ലയിലാണ് കേസിന്ആസ്പദമായ സംഭവം. ദാരിദ്ര്യം മൂലം ചികിത്സാ ചെലവിന് പണമില്ലാത്തിനിൽ കുട്ടിയെ കുടുംബാംഗങ്ങൾ തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാമനഗര ജില്ലയിലെ കനകപുരയിലാണ് പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്.
കെമിക്കൽ ഫാക്ടറിയിലെ തൊഴിലാളികളായ ശങ്കറിന്റെയും മാനസയുടേയും മകളായ രണ്ടുവയസ്സുകാരി മഹാദേവിയാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ നിന്ന് ആറ് കിലോമീറ്റർ മാറിയുള്ള കൃഷിയിടത്തിലെ പോട്ടക്കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കൊന്നു എന്നാണ് മാതാപിതാക്കൾ ആദ്യം പൊലീസിനെ അറിയിച്ചത്.
കൊലപാതകികളെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷത്തിലാണ് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയെ കാണാതായ ദിവസം മുത്തശ്ശിയും മുതുമുത്തശ്ശിയും കുഞ്ഞിനെ എടുത്ത് പോകുന്നതായി കണ്ടെന്ന് ഒരു പുരോഹിതൻ പൊലീസിനെ അറിയിച്ചു. തിരിച്ചുവരുമ്പോൾ ഇവർക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ രണ്ട് സ്ത്രീകളും പൊലീസിനോട് കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളുടെ നിർദ്ദേശ പ്രകാരമായിരുന്നും കൊലപാതകമെന്നും ഇവർ പൊലീസിനെ അറിയിച്ചു. കുട്ടിക്ക് സംസാര ശേഷി ഇല്ലെന്നും കൈകാലുകൾ അനങ്ങുന്നുണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു. ചികിത്സയ്ക്ക് പ്രതിമാസം ആവശ്യമായ 10,000 താങ്ങാനവുന്നില്ല. അതിനാൽ തങ്ങളുടേയും കുഞ്ഞിന്റേയും കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ അവർ അവളെ കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, മുതുമുത്തശ്ശി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.