സുനിൽ ഛേത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ബംഗലൂരു: ഇന്ത്യൻ ഫുട്ബോൾ ടീം നായകനും ഐഎസ്എല്ലിൽ ബംഗലൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനിൽ ഛേത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഛേത്രി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച കാര്യം ആരാധകരെ അറിയിച്ചത്.

അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്ത അറിയിക്കാനുണ്ട്. എനിക്ക് കൊറോണ സ്ഥിരികീരിച്ചിരിക്കുന്നു. എങ്കിലും രോഗത്തിൻ്റെ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നത് സന്തോഷകരമാണ്. വൈകാതെ ഫുട്ബോൾ ഗ്രൗണ്ടിൽ തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുൻകരുതലുകളും എടുക്കണമെന്നും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു എന്നായിരുന്നു ഛേത്രിയുടെ ട്വീറ്റ്.

ഐഎസ്എല്ലിൽ ബെംഗലൂരു നായകനായിരുന്ന 36കാരനായ ഛേത്രിക്ക് ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞിരുന്നുള്ളു. സീസണിൽ എട്ടു ഗോളുകളാണ് ഛേത്രി നേടിയത്. ഛേത്രിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഈ മാസം 25നും 29നും ഒമാനും യുഎഇക്കുമെതിരെ നടക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിൽ അദ്ദേഹം കളിക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.