എസ്എംഎസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള നിയന്ത്രണം; ഓൺലൈൻ ഇടപാടുകളെ സാരമായി ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ. അതിനാൽ രാജ്യവ്യപകമായി ഈ നടപടി ഓൺലൈൻ ഇടപാടുകളെ സാരമായി ബാധിച്ചു.

ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി.

ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഇതുനടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ .(ട്രായ്) മരവിപ്പിച്ചു.

ഉപഭോക്താക്കളുടെ വിവരസുരക്ഷ മുൻനിർത്തി 2018-ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. തിങ്കളാഴ്ച ഇതുനടപ്പാക്കി. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം. രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും.

കമ്പനികളും സർക്കാർ ഏജൻസികളും കൃത്യമായി രജിസ്ട്രേഷൻ നടത്താതിരുന്നതാണ് ഒ.ടി.പി. ഉൾപ്പെടെ സന്ദേശങ്ങൾ തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് ടെലികോം കമ്പനികൾ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകൾ നൽകിയിരുന്നതായും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ടെലികോം കമ്പനികൾ ഇതു നടപ്പാക്കിയതെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതേസമയം, തെറ്റായരീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.) ട്രായിയെയും റിസർവ് ബാങ്കിനെയും സമീപിച്ചിരുന്നു. നിയന്ത്രണം നടപ്പാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ട്രായ് ഇതിനു തയ്യാറായില്ല. തുടർച്ചയായി അറിയിപ്പുകൾ നൽകിയശേഷമാണ് ഇതു നടപ്പാക്കിയതെന്ന് ട്രായ് അധികൃതർ പറഞ്ഞു.

എന്നാൽ, പ്രശ്നം രൂക്ഷമായതോടെ ചൊവ്വാഴ്ച ഇത് ഏഴുദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു.

സാമ്പത്തിക ഇടപാടുകൾക്കുപുറമേ ഇടപാട് പരിധി അറിയിക്കാനുള്ള സന്ദേശങ്ങളും പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള സന്ദേശങ്ങളുമെല്ലാം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പലയിടത്തും തടസ്സപ്പെട്ടു.