ന്യൂഡെൽഹി: വിവാദമായപ്പോൾ പിന്നോട്ടുവച്ച സ്വകാര്യതാ നയമെന്ന ചുവട് വീണ്ടും മുന്നോട്ട് വച്ച് വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പായ വാട്ട്സ് അപ്പ് നേരത്തെ മാറ്റിവച്ച നയം നടപ്പാക്കാന്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.
സ്വകാര്യ നയം സംബന്ധിച്ച് സര്‍ക്കാറും കോടതിയും വിവിധ തടസങ്ങളുമായി നില്‍ക്കുമ്പോഴാണ് വാട്ട്സ്ആപ്പിന്‍റെ ഈ നീക്കം. ഇതിന്‍റെ ഭാഗമായി മെയ് 15 ന് തന്നെ നയങ്ങൾ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങൾ സ്വീകരിക്കണമെന്നും കാണിക്കുന്ന ഇൻ–ആപ് മെസേജുകൾ അയയ്ക്കാനും തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മെയ് 15 നാണ് ഇത് അംഗീകരിക്കേണ്ട അവസാന തിയതി. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്കും വാട്ട്സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി യൂറോപ്പിലും മറ്റും ഉണ്ടകും. എങ്കിലും വാട്ട്സ്ആപ്പ് സ്വകാര്യത നയം സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ അടക്കം നടക്കുന്നുണ്ട്.
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് 120 ദിവസം വരെ സമയം നീട്ടി നല്‍കും. എന്നാല്‍, ആ സമയത്ത് വാട്‌സാപ്പിന്റെ ഫീച്ചറുകൾ പലതും പ്രവര്‍ത്തിക്കില്ല. ഏതാനും ദിവസത്തേക്ക് ഉപയോക്താവിന് കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കും.
തങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് കമ്പനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. വിശദീകരണങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ദേശീയ മാധ്യമങ്ങളിൽ വാട്സാപ്പിന്റെ ഫുൾപേജ് പരസ്യം വന്നിരുന്നു.