ട്രെയിനിൽ കുടിക്കാൻ നൽകുന്നത് കക്കൂസിലെ വെള്ളം; റെയിൽവേ ജീവനക്കാർക്ക് എതിരെ നടപടി

ഭോപ്പാൽ: കക്കൂസ് പൈപ്പിൽ നിന്നും കുടിവെള്ള ടാങ്കിലേക്കേ് കണക്ഷൻ നൽകിയ സംഭവത്തിൽ റയിൽവേ ജീവനക്കാർക്ക് എതിരെ നടപടി. കോട്ട ഡിവിഷനിൽ ഉൾപ്പെടുന്ന മധ്യപ്രദേശിലെ മാണ്ഡ്സോർ ജില്ലയിലെ ഗരോട്ട് സ്റ്റേഷനിലാണ് സംഭവം.

ശുചീരണ തൊഴിലാളി, സ്റ്റേഷൻ മാസ്റ്റർ ചോട്ട്മാൽ മീണ എന്നിവർക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ നിന്നും റെയിൽവേക്ക് വേണ്ടി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയാണ് കക്കൂസ് പൈപ്പിൽ നിന്നും കുടിവെള്ള ടാങ്കിലേക്ക് കണക്ഷൻ നൽകിയത്. ഇയാളെ ജോലിയിൽ നിന്നും തന്നെ ഒഴിവാക്കി.

സംഭവത്തിന് ഉത്തരവാദിത്വമുള്ള സ്റ്റേഷൻ മാസ്റ്റർ ചോട്ട്മാലിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ട ഉടൻ തന്നെ കണക്ഷൻ വേർപ്പെടുത്തി കുടിവെള്ള ടാങ്ക് നന്നായി ശുചിയാക്കിയതായി സീനിയർ ഡിവിഷൻ കോമേഴ്സ്യൽ മാനേജർ അജയ് കുമാർ പാൽ അറിയിച്ചു.

മാർച്ച്‌ ഒന്നിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും ഫോട്ടോയുമടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് വെസ്റ്റ്- സെൻട്രൽ റയിൽവേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ട്വിറ്ററിൽ റെയിൽവേ മന്ത്രിയെ ടാഗ് ചെയ്തും നിരവധി പേർ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു.

യാത്രക്കാർക്ക് കുടിക്കാനായി പ്ലാറ്റ് ഫോമിൽ വെച്ചിട്ടുള്ള ടാങ്കിലേക്കാണ് പ്ലാറ്റ് ഫോമിലെ തന്നെ കക്കൂസിൽ നിന്നുള്ള ടാപ്പിൽ നിന്നും വെള്ളമെടുത്തിരുന്നത്. കുടിവെള്ള ടാങ്കിനും കക്കൂസിനും വ്യത്യസ്ഥ കണക്ഷനുകൾ ഉണ്ട് എന്നിരിക്കേ കക്കൂസ് ടാപ്പിൽ നിന്നും എന്തിന് വെള്ളമെടുത്തു എന്നതും അന്വേഷിക്കുന്നുണ്ട്.

കൊറോണ കാരണം ആരോഗ്യമേഖല വലിയ പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായത്. ആരോഗ്യ സുരക്ഷാ മനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് നിലവിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. പ്രതിദിന കൊറോണ കേസുകളിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷാ മനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

റെയിൽ യാത്രക്കാരുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ് ഇത്തരം നടപടികളെന്നും യാത്രക്കാരും അഭിപ്രായപ്പെടുന്നു. കുപ്പിവെള്ളം വാങ്ങി കുടിക്കാൻ സാധിക്കാത്ത പലരും ഇത്തത്തിൽ പ്ലാറ്റ് ഫോമിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്കുകളിൽ നിന്നാണ് വെള്ളം എടുക്കാറുള്ളത്. ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ട്രയിനുകളിൽ നൽകുന്ന ഭക്ഷണത്തിനെതിരെ വൃത്തിയില്ലായ്മയുടെ പരാതികൾ പലപ്പോഴും ഉയരാറുണ്ട്.

ട്രയിനുകളിലെയും റയിൽവേ സ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പാക്കാൻ സർക്കാരുകൾ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന കോച്ചുകളിൽ വൃത്തിയില്ലായ്മ, വെള്ളത്തിൻ്റെ ലഭ്യത കുറവ് എന്നിവ അനുഭവപ്പെട്ടാൽ കോച്ച്‌ മിത്ര സൗകര്യം ഉപയോഗിച്ച്‌ പരാതിപ്പെട്ടാൽ ഉടനടി പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛ് റയിൽവേ സർവ്വേ പ്രകാരം ഓരോ വർഷവും ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം വർദ്ധിക്കുന്നുണ്ട്.