ചണ്ഡിഗഡ്: കൗമാരക്കാരൻ ആറു വയസുകാരിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. ചണ്ഡിഗഡിൽ ഹാലോ മജ്ര വനമേഖലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്.
തുടർന്ന് മാതാപിതാക്കൾ പോലീസിൽ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം വനപ്രദേശത്തെ ശ്മശാനത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പകുതി വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മുഖം കല്ലുപയോഗിച്ച് അടിച്ചുതകർത്ത് വികൃതമാക്കിയ നിലയിലായിരുന്നു.
കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ലും പോലീസ് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 12കാരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. മൃതദേഹം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.