ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തിൽ. ഇന്ന് മനേസർ എക്സ്പ്രസ് പാത കർഷകർ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതൽ തുടങ്ങാനും കർഷക സംഘടനകൾ തീരുമാനിച്ചു.
നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കർഷകർ പറയുന്നത്. നവംബർ 27ന് സിംഗുവിലെ സമരസ്ഥലത്ത് എത്തിയതാണ് അമൃത്സർ സ്വദേശി രാജ് വീന്ദർ സിംഗ്. ഇദ്ദേഹത്തെ പോലെ ആയിരക്കണക്കിന് കർഷകർ വീടും സൗകര്യങ്ങളും ഉപേക്ഷിച്ച് ഈ തെരുവിൽ കഴിയുന്നു. അറുപതുവയസിനും എഴുപതുവയസിനും മുകളിൽ പ്രായമായവർ വരെയുണ്ട്.
ജനുവരി 22നായിരുന്നു കർഷകരുമായുള്ള സർക്കാരിൻറെ അവസാന ചർച്ച. ആ ചർച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കർഷകരുമായി ചർച്ചക്ക് സർക്കാർ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾ സമരത്തിനെതിരെ സർക്കാരിനുള്ള ആയുധവുമാകുന്നു. സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കർഷകരുടെ നീക്കം.