ന്യൂഡെൽഹി: നടി റിയ ചക്രബർത്തി അടക്കം 33 പേരെ ഉൾപ്പെടുത്തി നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ( എൻസിബി ) കുറ്റപത്രം സമർപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്.
റിയ ചക്രബർത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ടുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച് 2020 ജൂണിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടയിൽ ലഹരിമരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഇന്ത്യൻ-വിദേശ കറൻസികൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയിൽ വ്യക്തമായതായി കുറ്റപത്രത്തിൽ പറയുന്നു.