ലക്നൗ: ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രോഹിതാഷ് ശർമ്മ, നിഖിൽ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ഗൗരവ് ശർമ്മയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ വിവരം നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പരാതിയിൽ സൂചിപ്പിച്ചിരുന്ന നാലാമൻ ലളിതേഷ് ശർമ്മ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. ഗൗരവ് ശർമ്മ ഒഴികെയുള്ളവരെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ വിവരം നൽകുന്നവർക്ക് 25000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. മുഖ്യ പ്രതിയെ കണ്ടെത്താൻ അഞ്ച് പൊലീസ് സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.
2018 ൽ നടന്ന പീഡനക്കേസിൽ ഗൗരവ് ശർമ്മ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയും കുടുംബവും ക്ഷേത്രത്തിൽ പോകും വഴിയാണ് പിതാവിന് നേരെ നിറയൊഴിച്ചത്.
പ്രദേശത്തെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയതായിരുന്നു പെൺകുട്ടിയും കുടുംബവും. ആ സമയം ക്ഷേത്രത്തിൽ പ്രതിയുടെ അമ്മയും ബന്ധുവും എത്തിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമായി. പ്രശ്‌നത്തിൽ പ്രതിയും പ്രതിയുടെ പിതാവും ഇടപെടുകയും തുടർന്ന് വലിയ വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പ്രകോപിതനായ പ്രതി കൂട്ടാളികളെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. 2018ൽ പീഡനക്കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനകം തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചു.