സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കമിട്ടു; ബാങ്കുകൾ ഭവനവായ്പാ പലിശ കുറച്ചു തുടങ്ങി; ലക്ഷ്യം പരമാവധി ഭവനവായ്‌പ

എസ് ശ്രീകണ്ഠൻ

മുംബൈ: ബാങ്കുകൾ ഭവന വായ്പാ പലിശ കുറച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കമിട്ടു. മറ്റ് ബാങ്കുകൾ അത് പിന്തുടരുന്നു. ലിമിറ്റഡ് പീരീഡ് ഓഫർ അഥവാ പരിമിത കാലത്തേക്ക് മാത്രം എന്ന പഞ്ച് ലൈനോടെയാണ് ഇത് മാർക്കറ്റ് ചെയ്യുന്നത്. ശരിയാണ്. സാമ്പത്തിക വർഷം തീരാൻ ഇനി ദിവസങ്ങളല്ലെ ബാക്കിയുള്ളു. അതിനകം പരമാവധി ഭവന വായ്‌പ വിതരണം ചെയ്ത് തീർക്കണമെന്ന ലാക്കോടെയാണ് ഈ ബാങ്കുകളുടെ എല്ലാം നീക്കം.

സാമ്പത്തിക വർഷം തീരുമ്പോൾ ഉയർന്ന ലാഭം ബാലൻസ് ഷീറ്റിൽ കാണിക്കേണ്ടേ ?. അതിനുള്ള പൊടിക്കൈകളാണിതൊക്കെ. ഹോം ലോണിനൊപ്പം ഇൻഷൂറൻസ് പോളിസിയും വിൽക്കാം. പലിശ ഇളവു വഴിയുള്ള നഷ്ടം ഇൻഷൂറൻസ് പോളിസി വിറ്റു തീർക്കാം. സാമ്പത്തിക വർഷാവസാനം കൂടുതൽ വായ്പ കൊടുത്താൽ ബാങ്കുകൾക്ക് രണ്ടുണ്ട് മെച്ചം. സാമ്പത്തിക വർഷാവസാനം ഉയർന്ന വായ്പാ വിതരണം ബാലൻസ് ഷീറ്റിൽ കാണിക്കാം. വരുന്ന സാമ്പത്തിക വർഷത്തിൻ്റെ ആദ്യ 6 മാസക്കാലത്ത് സ്വതവേ കാണുന്ന ആലസ്യത്തെ മറികടക്കാനും ഈ ഉപായം പ്രയോഗിക്കാം.

സർക്കാർ കടപ്പത്രങ്ങളുടെ പലിശ കൂടി നിൽക്കുന്ന വേളയിൽ ഭവന വായ്‌പാ പലിശ കുറയാവുന്നതിൻ്റെ പരമാവധി കുറഞ്ഞിട്ടുണ്ടെന്ന തോന്നൽ ജനങ്ങൾക്കിടയിൽ വരുത്താനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. ആ മാർക്കറ്റിങ് ടെക്നിക്കാണ് നമ്മുടെ ബാങ്കുകൾ പയറ്റുന്നത്.എസ് ബി ഐ വെടി പൊട്ടിച്ചതിനു പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്കും എച്ച്ഡിഎഫ്സിയും പലിശ ഇളവുമായി രംഗത്തു വന്നു.

മാർച്ച് അവസാനം വരെയുള്ള ലിമിറ്റഡ് ഓഫറിൽ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ഭവന വായ്പാ പലിശ 6.7%. എച്ച്ഡിഎഫ്സി 6.75 %. കൊട്ടക് മഹീന്ദ്ര ഒരു പടി കൂടി കടന്ന് 6.65 %. മത്സരം കൊഴുക്കുമ്പോൾ ബാക്കിയുള്ളവരും പിറകെ വരും. ഇനിയിപ്പോർ ലിമിറ്റഡ് ഓഫറിൻ്റെ കാലം നീളുമോയെന്നെ അറിയാനുള്ളൂ. മാർച്ച് 31 ന് ഇനി അധികം ദിവസം ഇല്ല.