പ്രളയവും ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണകെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മീഷൻ ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡെൽഹി: പ്രളയവും ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണകെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷൻ. ഇക്കാര്യം വ്യക്തമാക്കി കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്ര ജലകമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ നിതിൻ കുമാറാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. വിശദമായ പരിശോധനകൾക്ക് ശേഷം ആണ് സുപ്രീംകോടതി രൂപീകരിച്ച ഉന്നത അധികാര സമിതി അണക്കെട്ട് സുരക്ഷിതം ആണെന്ന് കണ്ടെത്തിയ തെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ മേൽനോട്ട സമിതി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്ക് എതിരെ സമർപ്പിച്ച റിട്ട് ഹർജിയിൽ ആണ് കേന്ദ്ര ജല കമ്മീഷൻ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം അല്ലെന്ന് കേന്ദ്ര ജല കമ്മീഷൻ സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി ആണ് പ്രാദേശികം ആയി പ്രവർത്തിക്കുന്ന എൻജിനീയർമാർ ഉൾപ്പെടുന്ന ഉപസമിതിക്ക് രൂപം നൽകിയത്.

മേൽനോട്ട സമിതി അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്നും കേന്ദ്രജല കമ്മീഷൻ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്തിലെ അംഗങ്ങൾ ആയ ഷീല കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നത്. മേൽനോട്ട സമിതിയുടെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തി ആണ് തമിഴ് നാട് സർക്കാർ രേഖപെടുത്തിയിരിക്കുന്നത്