എക്സൈസ് നികുതി കുറയ്ക്കും; നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് ഇന്ധന വില വർധന നിയന്ത്രിക്കാൻ കേന്ദ്ര ധനമന്ത്രാലയം

ന്യൂഡെൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് ഇന്ധന വില വർധന കുറയ്ക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കാനുള്ള നീക്കു പോക്ക് ബി ജെ പി തുടങ്ങിയെങ്കിലും ഇന്ധനവില വർധന ശക്തമായ ഭീഷണി തന്നെയാണ്. അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിൽ രാജ്യവ്യാപക പ്രതിഷേധം പടരവേ, എക്സൈസ് നികുതി കുറച്ച് എതിർപ്പിന്റെ തീവ്രത കുറയ്ക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെതിരക്കിട്ട നീക്കം .

കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയനേട്ടം കൂടി ലക്ഷ്യമിട്ടാണ് ആലോചന.
ഖജനാവിന് കടുത്ത ആഘാതമുണ്ടാക്കാത്ത വിധത്തിൽ ഏതു രീതിയിൽ നികുതി കുറവ് നടപ്പാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ ആലോചന. ബാദ്ധ്യതയുടെ ഒരു പങ്ക് എണ്ണ വിതരണ കമ്പനികൾ വഹിക്കേണ്ടിവരുന്ന വിധത്തിലാകാം ഇതെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളാണ് ചർച്ച ചെയ്യുന്നത്. ഈ ഫോർമുലയോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

പരിഷ്കാരം ഇരുകൂട്ടർക്കും സ്വീകാര്യമായ വിധത്തിലാകുമ്പോൾ ഉപഭോക്താക്കൾക്കു ലഭിക്കുന്ന പ്രയോജനം എത്രകണ്ടെന്ന് കണ്ടറിയണം. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നികുതി കുറയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണം. അക്കാര്യത്തിൽ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ള സംസ്ഥാനങ്ങളിൽ നികുതി ഇളവ് നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചാലും തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്ന രാഷ്ട്രീയനേട്ടത്തിൽ കുറവുണ്ടാകില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസാം, ബംഗാൾ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറച്ചിരുന്നു.
നിലവിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയരത്തിലാണ്. മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഉൾപ്രദേശങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയും കടന്നു.

കർഷകസമരം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കേ, ഇന്ധന വിലവർദ്ധനയ്ക്ക് എതിരായ പ്രതിഷേധം കൂടി ആളിക്കത്തിയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ബിജിപിക്കുണ്ട്.