ഇന്ത്യയിൽ വൈദ്യുതി വിതരണ സംവിധാനം താറുമാറാക്കാൻ ചൈനീസ് ഹാക്കർമാർ പദ്ധതിയിട്ടു

ന്യൂഡെൽഹി: രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമടക്കം സർക്കാർ ഉടമസ്ഥതയിലുള്ള പന്ത്രണ്ടോളം സ്ഥാനങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തകർക്കാൻ ചൈനീസ് സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഹാക്കർമാർ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. ചൈനയുടെ പ്രധാന ഇന്റലിജൻസ് സെക്യുരിറ്റി ഏജൻസിയായ സ്‌റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം, പീപ്പിൾസ് ലിബറേഷൻ ആർമി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ചൈനീസ് ഹാക്കർ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.

2020 പകുതി മുതൽ ഇത്തരം ഗ്രൂപ്പുകൾ മാൽവയർ കമ്പ്യൂട്ടർ ശൃംഖല തകർക്കാൻ ശ്രമം നടത്തിവരികയായിരുന്നുവെന്ന് റെക്കോർഡഡ് ഫ്യൂച്ചർ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ കണ്ടെത്തി. രാജ്യങ്ങൾ സൈബർ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഇന്റർനെറ്റ് നിരീക്ഷിക്കുന്ന യു.എസ് കമ്പനിയാണിത്.

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത കമ്പനിയായ എൻ.ടി.പി.സി, വൈദ്യുതി വിതരണത്തിനു സഹായിക്കുന്ന അഞ്ച് പ്രൈമറി പ്രദേശിക ലോഡ് ഡിസ്പാച്ച്‌ സെന്ററുകൾ, രണ്ട് പോർട്ടുകൾ തുടങ്ങിയവയാണ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിനു പുറമേ നിരവധി സർക്കാർ, പ്രതിരോധ സംവിധാനങ്ങളും ഹാക്കർമാരുടെ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, ഒക്ടോബർ 13ന് മുംബൈയിലുണ്ടായ വൈദ്യൂതി തകരാറിനു പിന്നിൽ ചൈനീസ് ഹാക്കർമാർ ആണോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ ഹാക്കർ ആക്രമണമായിരുന്നു ഇതിനു പിന്നിൽ. മുംബൈ നഗരം നിശ്ചലമായ ദിവസമായിരുന്നു അത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ടു മണിക്കൂറിലേറെ നിർത്തിവച്ചു.

ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകളുടെ പ്രവർത്തനം താറുമാറായിരുന്നു.ഈസ്‌റ്റേൺ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന് സമീപം ഇന്ത്യ-ചൈന സൈനികരുടെ സംഘർഷം മേയ് അഞ്ചിനാണ് ആരംഭിച്ചത്. ഇരുപക്ഷവും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ് ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റത്തിന് തീരുമാനമായത്.