രണ്ടു മാസത്തേക്ക് സർക്കാർ രൂപീകരിക്കാൻ ആരുമില്ല; പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം

ചെന്നൈ: രണ്ടു മാസത്തേക്ക് സർക്കാർ രൂപീകരിക്കാൻ ആരും തയ്യാറാകാതിരുന്നതിനെ തുടർന്ന് ആർക്കും ഭൂരിപക്ഷമില്ലത്ത രാഷ്ട്രീയ അട്ടിമറി നടന്ന പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവിശ്വാസത്തിലൂടെ താഴെവീണതിനാലാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താൽപര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. ഏപ്രിൽ-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം തുടർന്നേക്കും.

കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാർ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായ നാരായണസാമി സർക്കാർ രാജിവെച്ചത്.

ആറ് അംഗങ്ങൾ രാജിവെച്ചതോടെ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ എംഎൽഎമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. എൻ.ആർ.കോൺഗ്രസ്-ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.