ഭോപ്പാൽ: സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ച മുഖ്യമന്ത്രിയെ കൊതുക് കുത്തിയതില്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊതുക് കുത്തിയതിനാണ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനിടെയാണ് അദേഹത്തെ കൊതുക് കുത്തിയത്. സിദ്ധിയിലെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയറോടാണ് വിശദീകരണം ചോദിച്ചത്.
ബംഗാംഗ കനാലിലേക്ക് ബസ് വീണ് നിരവധി പേർ മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളെ കാണുന്നതിനായി സിദ്ധിയില്‍ എത്തിയ മുഖ്യമന്ത്രി നേരം വൈകിയതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്. തുടർന്ന് മുറിയില്‍ കൊതുകിന്റെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി തങ്ങുന്ന വിവരം നേരത്തെ അറിയാതിരുന്നതിനാലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.