ടൂൾകിറ്റ്; “സൂം ” ആപ്പിനോട് വിശദീകരണം തേടി ഡെൽഹി പൊലീസ്​

ന്യൂഡെൽഹി : “ടൂൾകിറ്റ്” തയ്യാറാക്കാനായി ഖാലിസ്ഥാൻ അനുകൂല സംഘം സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ തേടി​ വീഡിയോ കോൺഫ്രൻസിംഗ് ആപ്പായ സൂമിന് ഡെൽഹി പോലീസ്​ കത്തെഴുതി.

തലസ്ഥാനത്ത്​ അരങ്ങേറിയ റിപബ്ലിക്​ ദിന കലാപത്തിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ സൂം ആപ്പിലൂടെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക്​ ജസ്റ്റിസ്​ ഫൗണ്ടേഷൻ (പി.ജെ.എഫ്)​ നടത്തിയ യോഗത്തിൽ പങ്കെടുത്ത 70 ഓളം പേരിൽ മുംബൈ അഭിഭാഷക നികിത ജേക്കബ്, പൂനെ എഞ്ചിനീയർ ശാന്തനു എന്നിവരും ഉൾപ്പെട്ടിരുന്നതായി പൊലീസ്​ ആരോപിക്കുന്നുണ്ട്​.

ഗൂഗിൾ ഡോക്യുമെൻറിലുള്ള ഇ-മെയിൽ അക്കൗണ്ട്​ ശാന്തനുവി​ൻ്റേതാണെന്നും​ പൊലീസ്​ ജോയിൻറ്​ കമീഷ്​ണർ (സൈബർ) പ്രേം നാഥ്​ ആരോപിച്ചു.കാനഡയിലുള്ള പുനിത്​ എന്ന സ്​ത്രീ വഴിയാണ്​ നികിത ജേക്കബിനെയും ശാന്തനുവിനെയും പി.ജെ.എഫ്​ സ്ഥാപകൻ മോ ധലിവാൽ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 11ന് നികിതയും ശാന്തനുവും പി‌.എഫ്‌.ജെ സംഘടിപ്പിച്ച ഒരു സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നു. അതിലാണ്​, ‘ആഗോള കർഷക സമരം’,’ആഗോള പ്രവർത്തന ദിനം, ജനുവരി 26’എന്നീ പേരുകളിൽ’ ടൂൾകിറ്റ് ‘സൃഷ്ടിക്കാനുള്ള മോഡാലിറ്റികൾ തീരുമാനിച്ചത്​. -നാഥ് കൂട്ടിച്ചേർത്തു. ടൂൾകിറ്റുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ വലിയ വിവാദമാണ്​ ഇപ്പോൾ നടക്കുന്നത്​.

ക​​ർ​​ഷ​​ക​സ​​മ​​ര​​ങ്ങ​​ളെ പി​​ന്തു​​ണ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നവ​​ർ അ​​റി​​യേ​​ണ്ട​​തും അ​​വ​​ർ ചെ​​യ്യേ​​ണ്ട​​തു​​മാ​​യ കാ​​ര്യ​​ങ്ങളാണ്​ ടൂൾകിറ്റിൽ അടങ്ങിയിരിക്കുന്നത്​. ഈ ടൂൾകിറ്റ്​ കർഷക സമരത്തിന്​ അനുകൂലമായി സംസാരിച്ച ഗ്രെറ്റ തുൻബർഗിന് ടെലഗ്രാം വഴി​ അയച്ചുനൽകിയെന്ന്​ കാട്ടി പ​രി​സ്​​ഥി​തി ആ​ക്​​ടി​വി​സ്​​റ്റ്​ ദി​ശ ര​വിയെ ഡൽഹി പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. ദിശയെ മോചിപ്പിക്കാനായി രാജ്യത്തെ പരിസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്​.