ചെന്നൈ: കേരളാ ടീം നായകന് സച്ചിന് ബേബിയെ വീണ്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെയും ആര്‍സിബി ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ ഡല്‍ഹി ക്യാപ്റ്റല്‍സും ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മൂന്നു താരങ്ങളെയും ടീമുകള്‍ സ്വന്തമാക്കിയത്.
2013ല്‍ രാജസ്ഥാന് റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന് ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയ സച്ചിന് ബേബി 2017ലും ബാംഗ്ലൂര്‍ ടീമില്‍ തുടര്‍ന്നു. 2016ല്‍ ബാംഗ്ലൂരിനായി 11 മത്സരങ്ങളില്‍ അവസരം ലഭിച്ച സച്ചിന് ബേബിക്ക് 2017ല്‍ പക്ഷെ മൂന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളു.
2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമെത്തിയെങ്കിലും അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കരിയറില്‍ ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന് ബേബി 10 ഇന്നിംഗ്സില്‍ 15.22 ശരാശരിയില്‍ 137 റണ്‍സടിച്ചു. 33 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല. മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.