യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ ഐപിഒ അടുത്ത സാമ്പത്തിക വർഷം തന്നെയുണ്ടോകും.

കഴിഞ്ഞദിവസമാണ് ബാങ്കുകൾ ഏതെക്കെയാണെന്ന വിവരം പുറത്തുവിട്ടത്. അതിനുപിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളാണ്.

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.