ടൂൾകിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിന് ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം

മുംബൈ: കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പിന്തുണച്ചുള്ള ടൂൾകിറ്റ് കേസിൽ മലയാളി അഭിഭാഷക-ആക്ടിവിസ്റ്റ് നികിത ജേക്കബിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് നികിത യ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ ആക്ടിവിസ്റ് ശാന്തനുവിനും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇതേ കേസിൽ ദിശ രവിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതെ സമയം സമൂഹമാധ്യമ പ്രചാരണത്തിനു ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ റഡാറിലുള്ളത് 70പേർ ആണെന്നാണ് റിപ്പോർട്ട്.

പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതിപ്രവർത്തകരായ ദിശ രവി, ശാന്തനു മുളുക് എന്നിവരടക്കം 70 പേർ ജനുവരി 11നു ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ‘സൂം’ ചർച്ചയിൽ പങ്കെടുത്തെന്നാണു പൊലീസിന്റെ ആരോപണം.