ക്രിക്കറ്റ് ബാറ്റും ഹെൽമറ്റുമായി പമ്പിലെത്തി; പെട്രോൾ സെഞ്ച്വറി അടിച്ചത് ആഘോഷിച്ച് പ്രതിഷേധം

ഭോപ്പാൽ: പെട്രോൾ വില ലിറ്ററിന് സെഞ്ച്വറി അടിച്ചതോടെ പ്രതിഷേധവും ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് ജനം. ശനിയാഴ്ചയാണ് ആദ്യമായി ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 100 ആയത്.

ക്രിക്കറ്റ് ബാറ്റും ഹെൽമറ്റുമായി പെട്രോൾ പമ്പിലെത്തിയാണ് ഭോപ്പാൽ സ്വദേശി പ്രതിഷേധിച്ചത്. ക്രിക്കറ്റിൽ സെ‍ഞ്ച്വറി തികയ്ക്കുന്ന ബാറ്റ്സ്മാന് സമാനമായി ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ബാറ്റും ഉയർത്തി ഇയാൾ പെട്രോൾ പമ്പിന് മുമ്പിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിൽ പെട്രോൾ വില സെഞ്ച്വറി തികച്ചിരിക്കുന്നു. ഒരു വർഷത്തിലേറെയായി വിരാട് കോഹ്ലി സെഞ്ച്വറി തികയ്ക്കാനാണ് ആരാധകർ കാത്തിരിക്കുന്നത്. നോക്കൂ ആരാണ് ഒന്നാമതെത്തിയതെന്ന് – പ്രതിഷേധ ട്വീറ്റുകളിൽ ഒന്ന് ഇങ്ങനെയാണ്. നിരവധി ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്.