കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ നടപടി; കേരളീയർക്ക് മുന്നറിയിപ്പുമായി ബെംഗളൂരു

ബെംഗളൂരു: കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലിക കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ്. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.

ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്. ‘കൊറോണ കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകൾ എന്ന നിലയ്ക്ക് പരിശോധനകൾ നടത്തണം. നിലവിൽ ഇത് 20,000 – 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും.’ – ബിബിഎംപി ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിനു ശേഷം മഞ്ജുനാഥ പ്രസാദ് പറഞ്ഞു.