ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി വേദിയിൽ കുഴഞ്ഞു വീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

അഹമ്മദാബാദ്: മുഖ്യമന്ത്രി വിജയ് റൂപാനിയ്ക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടയിലാണ് വേദിയിൽ വിജയ് രൂപാണി ബോധരഹിതനായി വീണത്.

വഡോദരയിലെ നിസാംപുര മേഖലയിൽ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി. പ്രസംഗത്തിനിടയിൽ ബോധരഹിതനായി വീണ വിജയ് രൂപാണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേജിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് അദ്ദേഹത്തെ ഹെലികോപ്റ്ററിൽ വഡോദരയിൽ നിന്ന് അഹമ്മദാബാദിൽ ആശുപത്രിയിൽ എത്തിച്ചത്.

മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎൻ മേത്ത ആശുപത്രിയിലെ ഡോക്ടർ ആർ.കെ. പട്ടേൽ പറഞ്ഞു. അദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പരിശോധനകൾ പൂർത്തിയാക്കിയ അദ്ദേഹത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ബന്ധപ്പെടുകയും രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.